ഇനി 7000 വർഷം കഴിഞ്ഞു മാത്രം വരുന്ന അതിഥിയെ കുറിച്ച് - NEOWISE Comet Explained in Malayalam

- July 15, 2020
advertise here
മാർച്ച് 27 ,2020 നാണു അമേരിക്കയുടെ നാസയുടെ നിയോവൈസ് ബഹിരാകാശ നിരീക്ഷണ വിഭാഗം C/2020 F3 എന്ന് പേരിട്ട, നിയോവൈസ് ധൂമകേതുവിനെ കണ്ടെത്തുന്നത്. നാസയുടെ നിയോവൈസ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഇതിനെ ആദ്യമായി നിരീക്ഷിക്കുന്നത്. കണ്ടെത്തിയ സമയത്ത് നമ്മളിൽ നിന്ന്(ഭൂമിയിൽ) ഏകദേശം 25 കോടി കിലോമീറ്റർ ദൂരെയായിരുന്നു ഈ ധൂമകേതു, സൂര്യനിൽ നിന്ന് 30 കോടി കിലോമീറ്റർ അകാലത്തിലും. 

ഈ വർഷം ജൂലായ് ആയപ്പോഴേക്കും, അത് കൂടുതൽ അടുത്തു വന്നു. തന്മൂലം നമുക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാമെന്നായി. ദൂരം അധികമായതിനാൽ, അവയുടെ വേഗത നമ്മുടെ ആപേക്ഷിക നിരീക്ഷണത്തെ ബാധിക്കാതെ ഒരുപാട് സമയം നമുക്ക് നിരീക്ഷിക്കാൻ പാകത്തിന് ആകാശത്തിൽ നിൽക്കും. 2020 ജൂലൈ മാസം മുഴുവനും അത് ആകാശത്തു, നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ പാകത്തിന് ഉണ്ടാവുമെന്ന് അർത്ഥം.

ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ ഇരിക്കുന്ന രാജ്യങ്ങൾക്ക് ധൂമകേതുവിനെ പുലർകാലത്തു വടക്ക് കിഴക്കൻ ചക്രവാളത്തിൽ കാണാൻ കഴിയും. വൈകുന്നേരമായാൽ വടക്ക് പടിഞ്ഞാറൻ ചക്രവാളത്തിനു സമീപവും കാണാം. ജൂലൈ പകുതിയിൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, സപ്തർഷികളുടെ സമീപത്തുകൂടി ഇവ പോകുന്നത് കാണാം. അതുകൊണ്ടു തന്നെ ഇവയെ കണ്ടെത്താനും എളുപ്പമാണ്; ദിശ കൃത്യമല്ലെങ്കിലും സപ്തർഷികളെ കണ്ടെത്താൻ നമുക്ക് അറിയാമല്ലോ.

മാർച്ച് 27, 2020 നു നിരീക്ഷിച്ച ധൂമകേതുവിനെ, ഏപ്രിൽ ഒന്നിനാണ് കണ്ടെത്താൻ ഉപയോഗിച്ച നിയോവൈസ് ടെലിസ്കോപ്പിന്റെ തന്നെ നാമം നൽകി ഔദ്യോഗികമായി ധൂമകേതുവായി പ്രഖ്യാപിച്ചത്. ഔദ്യോഗികമായി അതിനു നൽകിയ ശാസ്ത്രീയ നാമമാണ് C/2020 F3. 

ധൂമകേതുവിന്റെ നാമകരണം:

C (Non-Periodic-Comet - പ്രദക്ഷിണ സമയം കൃത്യമല്ലാത്തധൂമകേതു)/ 2020 (കണ്ടെത്തിയ വർഷം) F (ആറാമത്തെ ഇംഗ്ലീഷ് ആൽഫബെറ്റ് - ആറാമത്തെ അർദ്ധമാസം) 3 (മൂന്നാമത്തെ നാമകരണം)

ഒരു വർഷത്തെ 12 മാസങ്ങളെ 24 അർദ്ധമാസങ്ങൾ ആയി  തരം തിരിച്ചിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ പതിനഞ്ചു വരെ ഒന്നാം അർദ്ധമാസം - അത് A എന്ന് അടയാളപ്പെടുത്തും, ജനുവരി പതിനാറു മുതൽ ആ മാസത്തെ അവസാന ദിവസം വരെ രണ്ടാം അർദ്ധമാസം - B എന്ന് അടയാളപ്പെടുത്തും. അങ്ങനെ ഡിസംബർ രണ്ടാമത്തെ അർദ്ധമാസം - 24 ആമത്തെ ഇംഗ്ലീഷ് ആൽഫബെറ്റ് ആയ X കൊണ്ട് അടയാളപ്പെടുത്തും. 

അതുകൊണ്ടു ഈ ഔദ്യോഗിക നാമത്തിൽ നിന്നും, നിയോവൈസ് ധൂമകേതു എന്താണെന്നു കൃത്യമായി മനസ്സിലാക്കാൻ ഒരു വിദഗ്ധന് കഴിയും. 2020 വർഷത്തിൽ ആറാമത്തെ അർദ്ധമാസമായ മാർച്ചു രണ്ടാം പകുതിയിൽ മൂന്നാമതായി കണ്ടെത്തിയ ധൂമകേതു (അത് പ്രദക്ഷിണ സമയം കൃത്യമല്ലത്തതാണ്).

തുടക്കത്തിലേ ക്ക ക്കു പകരം P ആയിരുന്നെങ്കിൽ, കൃത്യമായ പ്രദക്ഷിണ സമയം ഉള്ള ധൂമകേതു ആണെന്ന് മനസ്സിലാക്കാം. അത് പോലെ U എന്നായിരുന്നെങ്കിൽ, സൗരയൂഥത്തിന് പുറത്തു നിന്ന് വന്ന ധൂമകേതു/ഛിന്നഗ്രഹം ആണെന്നും മനസ്സിലാക്കാം.

നിയോവൈസിന്റെ വരവ്:

സൂര്യന് ചുറ്റും വലം വെക്കുന്ന ഭൂമി, സൂര്യന് ഏറ്റവും അടുത്തു വരുന്ന കാലമുണ്ട്. നമുക്ക് വേനൽ കാലമായി വരുന്ന ആ കാലത്തെ ഈ അടുത്ത് വന്നു നിൽക്കുന്ന വസ്തുതയെ പെരിഹീലിയൻ എന്ന് വിളിക്കും. അത് പോലെ തന്നെ ഏറ്റവും അകലെയായിരിക്കുന്ന അവസ്ഥയെ (ശിശിര കാലം) അപ്ഹീലിയൻ എന്നും വിളിക്കും. ഇതുപോലെ സൂര്യനെ വലം വെക്കുന്ന നിയോവൈസ് ധൂമകേതുവിന്റെ പെരിഹീലിയൻ കാലമാണിപ്പോൾ. അതിനാലാണ് നമുക്ക് അത് ദൃശ്യമായിരിക്കുന്നത്. 

2020 ജൂലൈ മൂന്നിനായിരുന്നു സൂര്യന് ഏറ്റവും അടുത്തുകൂടി പോയ സമയം. അന്നേ ദിവസം സൂര്യനിൽ നിന്ന് വെറും നാല് കോടി കിലോമീറ്റർ ദൂരയായിരുന്നു ധൂമകേതു. അത് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിലൊന്നു ദൂരം മാത്രമാണ്. 
Neowise comet international space station explained in malayalam
ജൂലൈ 5 നു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ചിത്രം. ഇടതു ഭാഗത്ത് രാത്രി മാറി പകലാക്കി കൊണ്ടിരിക്കുന്ന സൂര്യപ്രതിഫലനത്തിനു മുകളിലായി നിയോവൈസ് ധൂമകേതുവിനെ കാണാം. (കടപ്പാട്: നാസ)ഭൂമിയുടെ ഏറ്റവും അടുത്തേക്ക് വരുന്നത് 2020 ജൂലൈ 23 നാണു. അന്നേരം, ഭൂമിയിൽ നിന്ന് 10 കോടി കിലോമീറ്റർ ദൂരെയായിരിക്കും ധൂമകേതു. ഈ ഒരു തവണ സൂര്യനെ കടന്നു പോവുമ്പോൾ, നിലവിൽ അനുമാനിച്ചിരിക്കുന്ന പ്രദക്ഷിണ സമയമായി 4500 ഭൗമ വര്ഷം, 6800 ഭൗമ വർഷമായി കൂടുമെന്നാണ് കണക്കു കൂട്ടൽ. അതായത്, കഴിഞ്ഞ തവണ സൂര്യനെ കണ്ടു യാത്രപറഞ്ഞു പോയ നിയോവൈസ് ധൂമകേതു 4500 വർഷങ്ങൾക്ക് ശേഷമാണു വരുന്നത്. ഇനി യാത്ര പറഞ്ഞു പോകുമ്പോൾ, 6800 വർഷങ്ങൾ കഴിഞ്ഞായിരിക്കും ഇതുപോലെ ഒരു സംഗമം ഉണ്ടാവുക. ഇന്ന് ഇത് വീക്ഷിച്ച മനുഷ്യർ പോയത്, മനുഷ്യ രാശി തന്നെ അന്നുണ്ടാവുമോ എന്ന് നമുക്ക് യാതൊരു നിശ്ചയവും ഇല്ല എന്നതാണ് ഇത് ഇപ്പോൾ നിരീക്ഷിക്കണം എന്ന് പറയുന്നതിന്റെ ഔചിത്യം.
neowise comet explained in malayalam


ആദ്യം നിരീക്ഷിച്ച സമയത്ത് (മാർച്ച് 27) നിയോവൈസ് ധൂമകേതു സൂര്യനിൽ നിന്ന് 30 കോടി കിലോമീറ്റർ അകലെയായിരുന്നെകിൽ, ജൂൺ 10നു 10 കോടി കിലോമീറ്റർ അടുത്തെത്തിയിരുന്നു. പക്ഷെ സൂര്യന്റെ പ്രകാശത്തിന്റെ പ്രഭ കാരണം പിന്നീട് കാണാതെ പോവുകയായിരിക്കുന്നു. നിങ്ങൾ ഭൂമിയാണെന്ന് സങ്കല്പിക്കുക, നിങ്ങളുടെ വലതു വശത്താണ് സൂര്യൻ എന്നും. അങ്ങനെയെങ്കിൽ നിങ്ങളുടെ ഇടതു വശത്തു നിന്ന് മുൻപിലൂടെ സൂര്യന്റെ അടുക്കലേക്കാണ് ധൂമകേതു പോകുന്നത്. അത് സൂര്യന് വളം വച്ച്, നിങ്ങളുടെ വലതു വശത്തു നിന്ന് നിങ്ങളുടെ പിറകിലൂടെ വന്നയിടത്തേക്ക് തന്നെ പോകും. നിങ്ങളുടെ മുമ്പിലൂടെ പോകുന്നത് അവസാനമായി കാണാൻ കഴിഞ്ഞത് ജൂൺ 10 നായിരുന്നു എന്നാണ് മുകളിൽ പറഞ്ഞത്. അന്നേരം, ഭൂമിയിൽ നിന്ന് ധൂമകേതു 23 കോടി കിലോമീറ്ററോളം ദൂരെയായിരുന്നു. പിന്നീട് ജൂൺ 22 നാണു ലോക്ക്ഹീഡ് മാർട്ടിൻ ബഹിരാകാശ ഗവേഷണ കമ്പനി വിക്ഷേപിച്ച സോഹോ ബഹിരാകാശ പേടകം നിയോവൈസ് ധൂമകേതുവിനെ കാണുന്നത്. അന്നേരം, ധൂമകേതു സൂര്യനിൽ നിന്ന് 6 കോടി കിലോമീറ്റർ ദൂരെയും, ഭൂമിയിൽ നിന്ന് 21 കോടി കിലോമീറ്റർ ദൂരെയുമായിരുന്നു.
neowise orbit explained in malayalam
നിയോവൈസ് ധൂമകേതുവിന്റെ സഞ്ചാരപാത (കടപ്പാട് : നാസ)

ജൂലൈ തുടക്ക വാരത്തിൽ നിയോവൈസ് ധൂമകേതുവിന്‌ രണ്ടു വാലുകൾ രൂപപെട്ടതായി കണ്ടു. ആദ്യത്തെ വാൽ മജന്ത നിറത്തിലും (ഗ്യാസ് കണികകൾ) , രണ്ടാമത്തെ വാൽ സ്വർണ്ണ നിറത്തിലുമാണ്(പൊടിപടലങ്ങൾ) കാണപ്പെട്ടത്. 
neowise comet explained in malayalam
അമേരിക്കയിലെ യൂട്ടായിൽ നിന്ന് 2020 ജൂലൈ 14 നു പകർത്തിയ ചിത്രം (കടപ്പാട്: SkiEngineer) 

നിയോവൈസിനെ നിരീക്ഷിച്ച ഇൻസ്റഫ്രാറെഡ് നിരീക്ഷണ യന്ത്രങ്ങളിൽ നിന്നും അതിന്റെ തലയുടെ വ്യാസം (diameter) ഏകദേശം 5 കിലോമീറ്റര് ആണെന്ന് മനസ്സിലായി. ജൂലൈ അഞ്ചിന് നാസയുടെ പാർക്കർ സൂര്യ നിരീക്ഷണ പേടകം ധൂമകേതുവിന്റെ ചിത്രം ഒപ്പിയെടുത്തു. അതിൽ നിന്നും ധൂമകേതുവിന്റെ തലയുടെ വലിപ്പം ഏകദേശം 5 കിലോമീറ്റർ എന്ന് തന്നെയാണ് മനസിലാക്കാൻ കഴിഞ്ഞത്.

എന്താണ് നിയോവൈസ് പദ്ധതി?

ചിന്നഗ്രഹങ്ങളെയും(asteroid) ധൂമകേതുക്കളെയും(കം) നിരീക്ഷിയ്ക്കാനും, പുതിയത് കണ്ടെത്താനും വേണ്ടി ഉണ്ടാക്കിയ WISE (wide-field ഇൻഫ്രാറെഡ് സർവ്വേ explorer - ഇതൊരു ബഹിരാകാശ ടെലിസ്കോപ്പ് സംവിധാനമാണ്) പദ്ധതിയുടെ ഭാഗമാണ്. നാസയുടെ ഗ്രഹപഠന വിഭാഗത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ WISE സംവിധാനം ഉപയോഗിച്ച് ഭൂമിയുടെ അടുത്ത് വരുന്ന വസ്തുക്കൾ (Near Earth Objects - NEO ) നിരീക്ഷിക്കുന്ന ഗവേഷണ വിഭാഗമാണ് നിയോവൈസ്. ഇതിലെ ഗവേഷകരാണ് ഭൂമിയുടെ അടുത്തേക്ക് വരുന്ന ചെറുത് തൊട്ടു വലിയ പാറക്കഷണങ്ങൾ വരെ പഠനവിധേയം ആക്കുന്ന്തും, ഭൂമിയുമായി കൂട്ടിമുട്ടാൻ സാധ്യതയുണ്ടോ എന്നൊക്കെ നോക്കുന്നതും, ഇവയെ തരം തിരിച്ചു കാറ്റലോഗ് ചെയ്തു വെക്കുന്നതും.
neowise malayalam

ഡിസംബർ 2009 ഇൽ തുടങ്ങിയ നിയോവൈസ് പദ്ധതി നാല് ഇൻഫ്രാറെഡ് ബാന്റുകളിലാണ് (3.4, 4.6, 12, 22 മൈക്രോമീറ്റർ) നിരീക്ഷണം നടത്തിയിരുന്നത്. 2010 സ്പെറ്റംബറിൽ കേടുപാടുകൾ വന്ന ടെലസ്കോപ്പ്, 2011 ഫെബ്രുവരിയോട് കൂടി താത്കാലികമായി നിർത്തിവച്ചു. അതുവരെയുള്ള കാലയളവിൽ ഒന്നര ലക്ഷത്തോളം ചെറിയ ഗ്രഹങ്ങളെ നിയോവൈസ് നിരീക്ഷിച്ചിരുന്നു, അതിൽ 34000 ത്തോളം ഗ്രഹങ്ങൾ പുതുതായി നിയോവൈസ് തന്നെ കണ്ടെത്തിയതായിരുന്നു. നിയോവൈസിന്റെ സഹായത്താലാണ് ഭൂമിക്ക് സമാനമായ പരിക്രമണമുള്ള ചിന്നഗ്രഹമായ എർത്ത് ട്രോജന് (Earth Trojen) ചിന്ന ഗ്രഹത്തെ കണ്ടെത്തിയത്. ഇന്നും, ഈയൊരു തരത്തിൽ ഇങ്ങനെയൊന്നു മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. 

പിന്നീട് 2013 ഡിസംബറിലാണ് നിയോവൈസ് ടെലെസ്കോപ് വീണ്ടും പ്രവർത്തന സജ്ജമാകുന്നത്. പ്രവർത്തന സജ്ജമായി ആറാം ദിവസം തന്നെ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള 2013 YP139 എന്ന ഛിന്നഗ്രഹത്തെ നിയോവൈസ് കണ്ടെത്തുകയും ചെയ്തിരുന്നു.

നിയോവൈസിന്റെ പാത:

ജൂലൈ 13 - കാട്ടുപൂച്ച (lynx) നക്ഷത്ര രാശിയിലേക്ക് പോകുന്നു.
ജൂലൈ 18 - സപ്തർഷി (ursa major) കൂട്ടത്തിലേക്ക് നീങ്ങുന്നു.
ജൂലൈ 21 - പരമാവധി വടക്ക് ഭാഗത്തെത്തുന്നു (47 ഡിഗ്രി വടക്ക്)
ജൂലൈ 23 - ഭൂമിക്ക് ഏറ്റവും അരികിൽ എത്തുന്നു. 10 കോടിയോളം കിലോമീറ്റർ അകലെ.
ജൂലൈ 30 - സീതാവേണി നക്ഷത്ര രാശിയിലേക്ക് കടക്കുന്നു.
ഓഗസ്റ്റ് 1 - നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനുള്ള സാധ്യത അവസാനിക്കുന്നു.

എപ്പോൾ എങ്ങനെ കാണാം?

  1. ജൂലൈ 14 തൊട്ടു ജൂലൈ 23 വരെയാണ് കാണാനുള്ള ഏറ്റവും മികച്ച സമയം.
  2. വൈകുന്നേരം സന്ധ്യ കഴിഞ്ഞു, സൂര്യാസ്തമയം കഴിഞ്ഞാൽ അടുത്ത 20 മിനുട്ട് നേരമാണ് ഏറ്റവും നല്ല സമയം. 
  3. ബൈനോക്കുലർ ഉണ്ടെങ്കിൽ ഏറ്റവും മികച്ച കാഴ്ചയായിരിക്കും. ടെലെസ്കോപ്പ നിർബന്ധമില്ല.
  4. വീടിനു പുറത്തിറങ്ങി, ബൾബ്-പോസ്‌റ്‌ലൈറ്റ് തുടങ്ങിയ പ്രകാശ സ്രോതസ്സുകൾ ഏറ്റവും കുറവുള്ള സ്ഥലത്ത് വന്നു നിൽക്കുക.
  5. നിങ്ങളുടെ വടക്ക് പടിഞ്ഞാറ് ഭാഗം കണ്ടു പിടിക്കുക.
  6. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ, ആകാശം കരിനീല നിറമായി മാറുന്നത് കാണാം. കരിനീല ഉടൻ തന്നെ കറുത്ത നിറമായി മാറുന്നതും കാണാം. ഈ സമയമാണ് ഏറ്റവും ഉചിതം.
  7. വടക്ക് പടിഞ്ഞാറ് ഭാഗം കിട്ടി കഴിഞ്ഞാൽ, ഇരുട്ട് വീഴുന്ന സമയത്ത് ആകാശത്തേക്ക് നോക്കുക, സപ്തർഷികളെ (Ursa Major) കണ്ടുപിടിക്കുക. ഒരു ചായപാത്രം പോലെ ആകൃതിയുള്ള, ചെറിയ നക്ഷത്ര സമൂഹമാണ് സപ്തർഷി. (കയ്യിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ, ഏതെങ്കിലും skymap അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു, ആകാശത്തു വടക്ക് പടിഞ്ഞാറ് ഭാഗത്തായി മുകളിൽ പിടിച്ചാൽ മതിയാവും.)
  8. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 40 ഡിഗ്രി ഉയരത്തിലാണ് നോക്കേണ്ടത്.
  9. നിങ്ങൾ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിൽകുമ്പോൾ, ചക്രവാളം പൂജ്യം ഡിഗ്രി ആയും, നിങ്ങളുടെ നേർ മുകളിൽ ആകാശം 90 ഡിഗ്രിയായും സങ്കലിപിക്കുക, അപ്പോൾ കഴുത്ത് ഏകദേശം പകുതി ചരിച്ചാൽ (45 ഡിഗ്രിയോളം) ഏകദേശം നാൽപതു ഡിഗ്രിയാവും.
  10. ഇനി കുറച്ച് മിനുട്ടുകൾ ആകാശത്തേക്ക് കണ്ണിമവെട്ടൽ കുറച്ചുകൊണ്ട് നോക്കി നിൽക്കുക. കണ്ണിന്റെ സിലിയറി മസിലികൾ വലിഞ്ഞു മുറുകി, നിങ്ങുളുടെ കണ്ണിലെ പ്യുപ്പിൾസ് കൂടുതൽ തുറന്നു നിൽക്കും. അപ്പോൾ കൂടുതൽ പ്രകാശം അകത്തു കയറി, ഇരുട്ടിലെ ആകാശം ദൃശ്യമാകും. 
കുറിപ്പ്: ആകാശം ഇരുട്ടണം എന്നില്ല. ധൂമകേതു വെളിച്ചമുള്ളപ്പോഴും കാണപ്പെടും. DSLR ക്യാമറയോ, അത്യാവശ്യം സൗകര്യമുള്ള മൊബൈൽ ഫോണിലോ ചിത്രം പകർത്താൻ വൈദഗ്ദ്യം ഉള്ളവർക്ക് കഴിഞ്ഞേക്കും.
Advertisement advertise here

Next Post This Older
 

Start typing and press Enter to search